Dec 1- WORLD AIDS DAY : An awareness about HIV/AIDS

ഡിസംബർ 1 – ലോക എയ്ഡ്സ് ദിനം

എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യപിച്ചുകൊണ്ട് 1988 ഡിസംബർ 1 മുതൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു വരുന്നു.  വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും അതിലൂടെ അണുബാധിതർക്ക്  ഐക്യദാർദ്ധ്യം പ്രഖ്യാപിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്താറുണ്ട്. പൊതുജനത്തിന്  സംശയനിവാരണത്തിനും അറിവ് നേടുന്നതിനും ഇതിലൂടെ സാധിച്ചിട്ടുണ്ട്; എച്ച്.ഐ.വി  അണുബാധയുള്ള ഏതൊരു വ്യക്തിയും എയ്ഡ്സ് രോഗികൾ ആണോ? എന്താണ് എയ്ഡ്സ്? പലപ്പോളും പലരിലും സംശയവും അതുപോലെ തന്നെ തെറ്റിധാരണയും  ഉണ്ടാക്കുന്ന ഒന്നാണിത്.  ശരിയായ അറിവ് ഇല്ലാത്തതാണ് സൂചിപ്പിച്ച ആ തെറ്റിധാരണക്ക് കാരണം.

എച്ച്..വിയും എയ്ഡ്‌സും…. 

മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധ ശക്തിയെ ഇല്ലാതാക്കുന്ന ഒരു തരം വൈറസ് ആണ് എച്ച്.ഐ.വി അഥവാ ഹ്യൂമൻ ഇമ്മുണോഡെഫിഷ്യൻസി വൈറസ് . ഈ വൈറസ് മനുഷ്യ ശരീരത്തിൽ കയറുന്നത് മൂലം അയാളുടെ രോഗ പ്രതിരോധ ശക്തി കുറയുകയും തന്മൂലം അയാളിൽ പല വിധമുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാക്കുകയ്യും ചെയ്യുന്ന അവസ്ഥ ആണ് എയ്ഡ്സ്.  ചുരുക്കി പറഞ്ഞാൽ എച്ച്.ഐ.വി  എന്നത് അണുബാധയും ഈ അണുബാധ മൂലം രോഗങ്ങൾ ഉണ്ടാകുന്ന അവസ്ഥ എയ്ഡ്‌സ് എന്നും അറിയപ്പെടുന്നു.  ആയതിനാൽ എച്ച്.ഐ.വി എന്നാൽ എയ്ഡ്സ് അല്ല…. അതായത് എല്ലാ എച്ച്.ഐ.വി  ബാധിതരും എയ്ഡ്സ് രോഗികൾ അല്ല.

കണക്കുകളിലൂടെ….

കേരളത്തിൽ 35679  ആളുകൾ  എച്ച്.ഐ.വി അണുബാധിതരായി  ഉണ്ടെന്നാണ് കേരള എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്കുകൾ. 2017 ലെ കണക്കുകൾ അനുസരിച്ചു ഇന്ത്യയിൽ 21 .40 ലക്ഷം അണുബാധിതർ ഉണ്ടെന്നു ദേശീയ കണക്കുകൾ കാണിക്കുന്നു. 2030 ആകുമ്പോളേക്കും പുതിയ അണുബാധകൾ ഉണ്ടാകാതിരിക്കുക എന്നതാണ് ദേശീയ എയ്ഡ്സ് നിയന്ത്രണ ദൗത്യത്തിന്റെ പ്രധാന ലക്‌ഷ്യം.

അണുബാധ പകരുന്നതെങ്ങനെ….?

അണുബാധ ഉള്ള വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധം, അണുബാധയുള്ള രക്തമോ രക്ത ഉത്പന്നങ്ങളോ  സ്വീകരിക്കുന്നത്, അണുബാധതയുള്ള ആൾ ഉപയോഗിച്ച സൂചി, സിറിഞ്ച് എന്നിവയുടെ ഉപയോഗം,  അണുബാധയുള്ള അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നിങ്ങനെ നാലു കാരണങ്ങളിൽ കൂടി മാത്രമാണ് എച്ച്.ഐ.വി പകരുന്നത്.  കൊതുക് കുത്തിയാലോ, തുണികൾ പങ്കുവച്ചുപയോഗിച്ചതുകൊണ്ടോ, ഭക്ഷണം പങ്കുവച്ചു കഴിച്ചതുകൊണ്ടോ, ഒരേ മുറിയിൽ താമസിച്ചതു കൊണ്ടോ, ഒരേ ശൗചാലയം ഉപയോഗിച്ചതുകൊണ്ടോ എച്ച്.ഐ.വി അണുബാധ പകരുകയില്ല. ഒരാളെ ആലിംഗനം ചെയ്യുമ്പോഴോ അയാളുടെ വിയർപ്പോ ഉമിനീരോ നമ്മിൽ പറ്റിയാലോ കരസ്പർശം മൂലമോ അണുബാധ അയാളിൽ നിന്ന് നമ്മിലേക്ക്‌ പകരുകയില്ല.

പ്രതിരോധ മാർഗ്ഗങ്ങൾ….?

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എച്ച്.ഐ.വി. അണുബാധക്കൊരു കാരണമാണ്. ലൈംഗിക ബന്ധത്തിൽ കൂടി എച്ച്.ഐ.വി. പകരുന്നതു തടയുവാൻ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ABC പ്രിൻസിപ്പിൾ എന്നറിയപ്പെടുന്ന അവ താഴെപ്പറയുന്നു:

  1. “A” എന്നാൽ Abstinence – അകന്നു നിൽക്കുക. (വർജ്ജിക്കുക)

വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

  1. “B” എന്നാൽ – Being faithful to one’s spouse – ഇണയോട് വിശ്വസ്തത പുലർത്തുക.

അവനവന്റെ പങ്കാളിയോട് വിശ്വസ്തത പുലർത്തുക. ഭാര്യ/ഭർത്താവ്/സ്ഥിരം പങ്കാളിയായ ഒരാളുമായി മാത്രം ലൈംഗിക ബന്ധം പുലർത്തുക.

  1. “C” എന്നാൽ Condom Use – ഉറ ഉപയോഗിക്കുക.

ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിരമായി ശരിയായ വിധം ഉറ ഉപയോഗിക്കുക.

മേൽ വിവരിച്ച കാര്യങ്ങൾ ശരിയായി പാലിക്കുന്നവരിൽ അണുബാധ ലൈംഗികബന്ധത്തിലൂടെ പകരാൻ സാധ്യത കുറവാണ്.

അംഗീകൃത രക്ത ബാങ്കുകളിൽ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെ എച്ച്.ഐ.വി. അണുബാധ പകരുന്നതു തടയാൻ സാധിക്കുന്നു. മയക്കുമരുന്ന് കുത്തി വച്ച് ഉപയോഗിക്കുന്നവരിലൊരാൾ കുത്തിവയ്ക്കാൻ ഉപയോഗിച്ച അതേ സൂചി ഉപയോഗിച്ച് മറ്റൊരാളിൽ കുത്തി വക്കുന്നത്, ഒരാൾ അണുബാധിതനാണെങ്കിൽ അണുബാധ ആ സൂചി ഉപയോഗിക്കുന്ന മറ്റ് ആളുകളിലേക്ക് പകരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ആയതിനാൽ, യാതൊരു കാരണവശാലും കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സൂചി/സിറിഞ്ച് ഉപയോഗത്തിന് ശേഷം മറ്റുള്ളവരിൽ ഉപയോഗിക്കരുത്. മയക്കുമരുന്നിന്റെ ഉപയോഗം എച്ച്.ഐ.വി പകരുന്നതിലേക്ക് നയിക്കുകയും കൂടാതെ മറ്റ് പല മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യും.

അണുബാധിതയായ അമ്മയിൽ നിന്നും അവരുടെ കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലോ, പ്രസവസമയത്തോ, മുലയൂട്ടുമ്പോഴോ അണുബാധ പകരാനുള്ള സാധ്യത ഏറെയാണ്. എന്നാൽ, ഏറ്റവും നേരത്തെതന്നെ അമ്മയുടെ എച്ച്.ഐ.വി. അണുബാധയെക്കുറിച്ചു മനസ്സിലാക്കുന്നതും കൃത്യമായ ചികിത്സാപദ്ധതികൾ സ്വീകരിക്കുന്നതും പ്രസവസമയത്തെയും തുടർന്നുമുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകളും കൊണ്ട് കുഞ്ഞിലേക്ക് അണുബാധ പകരുന്നതു തടയാൻ സാധിക്കും.

എങ്ങനെ മനസ്സിലാക്കാം….?

എച്ച്.ഐ.വി. അണുബാധ രക്തപരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. ഒരു വ്യക്തിയെ നേരിൽ കാണുന്നതിലൂടെയോ മറ്റ്‌ പരിശോധനകളിലൂടെയോ എച്ച്.ഐ.വി. അണുബാധയുണ്ടോ എന്ന് ഉറപ്പിക്കാനാവില്ല. പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണപ്പെടാത്തതും കാഴ്ച്ചയിൽ പൂർണ്ണ ആരോഗ്യവാനെന്നു തോന്നിപ്പിക്കുന്നതുമായ വ്യക്തികളിലും ഒരുപക്ഷെ ഈ അണുബാധ ഉണ്ടായേക്കാം. ആയതിനാൽ എച്ച്.ഐ.വി. അണുബാധയുണ്ടാകാനിടയുള്ള സാഹചര്യത്തിലകപ്പെട്ട വ്യക്തി അണുബാധ കണ്ടെത്താനുള്ള രക്തപരിശോധന ചെയ്യുന്നതാണ് ഉചിതം.

പരിശോധനയും ചികിത്സയും ….?

വ്യക്തികളുടെ സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ട് സൗജന്യമായി എച്ച്. ഐ.വി. പരിശോധന നടത്തുവാനുള്ള സൗകര്യം ഗവണ്മെന്റ് ആശുപത്രികളോട് അനുബന്ധിച്ചുള്ള ഐ.സി.ടി.സി. കളിൽ ലഭ്യമാണ്. (ICTC – Integrated Counselling and Testing Centres).

ഗർഭിണികൾ, ക്ഷയരോഗബാധിതർ, ലൈംഗികരോഗ ബാധിതർ, അപകടകരമായ വിധം ഒന്നിലധികം ആളുകളുമായി ലൈംഗിക ബന്ധം പുലർത്തുന്ന ആളുകൾ, അണുബാധയുണ്ടാവാൻ ഇടയുള്ള മറ്റ്‌ സാഹചര്യത്തിലകപ്പെട്ടവർ എന്നിങ്ങനെ ഏതൊരാൾക്കും ICTC യിൽ എത്താവുന്നതാണ്. കൗൺസിലിംഗിന് ശേഷം പരിശോധിക്കപ്പെടേണ്ട ആൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമാണ് രക്തസാമ്പിളുകൾ ശേഖരിക്കുന്നത്. അനുവാദത്തോടെയല്ലാതെ എച്ച്.ഐ.വി അണുബാധ പരിശോധിക്കുന്നത് നിയമവിരുദ്ധമാണ്.

രോഗം പകരുന്ന രീതികളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഐ.സി.ടി.സി.കളിൽ ലഭിക്കും. പരിശോധനയിൽ രോഗാണുബാധിതനാണെന്നു തെളിഞ്ഞാൽ മാനസികാഘാതം ലഘൂകരിക്കുന്നതിനും തുടർചികിത്സക്കും ആവശ്യമായ മാർഗനിർദേശങ്ങളും ഐ.സി.ടി.സി.യിൽ നിന്ന് ലഭിക്കും.

എച്ച്.ഐ.വി അണുബാധിതർക്കുള്ള ചികിത്സയും മറ്റു രക്തപരിശോധനയും സർക്കാർ  മെഡിക്കൽ കോളേജ് ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്നതാണ്. എച്ച്.ഐ.വി യോടൊപ്പം തന്നെ മറ്റു ലൈംഗീക രോഗങ്ങളുടെയും ചികിത്സ സൗജന്യമായി ലഭ്യമാണ്. അണുബാധിതരെ ദാരിദ്ര രേഖക്ക് താഴെയുള്ള പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ നിയമം പാസാക്കിയിട്ടുള്ളതും സർക്കാരിന്റെ ഒട്ടേറെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ  ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്.

ഉത്തരവാദിത്തം പങ്കുവെക്കാം ; ഐക്യദാർഢ്യം പ്രഖ്യാപിക്കാം ….

ഉത്തരവാദിത്തം പങ്കുവെക്കാം ; ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം.  നമ്മുടെ  കരുതൽ കൊണ്ട് മാത്രം അകറ്റി നിർത്താവുന്ന എച്ച്.ഐ.വിയെ ഇല്ലാതാക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം . അകലം പാലിക്കേണ്ടത് എച്ച്.ഐ.വിയോടാണ്; എച്ച്.ഐ.വി ബാധിതരോടല്ല എന്നതാണ് ഓർമ്മിക്കേണ്ടത്.

Shiju John Chollampel, Counsellor, Anti Retroviral Therapy Centre, Dept. of Medicine, Gov. Medical College Hospital, Kottayam, Kerala. 

This article is published by Eyemates, the Social Development Consultant, and offers several social work activitiesContact us for more details.

Leave a Comment

Your email address will not be published. Required fields are marked *